പാവയ്ക്കാ മെഴുക്കുപുരട്ടി
പാവയ്ക്കാ മെഴുക്കുപുരട്ടി
എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചോറിനൊപ്പം വിളമ്പാവുന്നതുമായ ഒരു ലളിതവിഭവമാണ് പാവയ്ക്കാമെഴുക്കുപുരട്ടി. പാവയ്‌ക്കയില്‍ ധാരാളം വിറ്റാമിന്‍സ് അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് അത്യുത്തമവും ആണ്.
ചേരുവകൾ
- പാവയ്ക്ക - 1 എണ്ണം ഇടത്തരം
- തേങ്ങാക്കൊത്ത് - 1/4 കപ്പ്
- പച്ചമുളക് - 3 എണ്ണം
- വെളുത്തുള്ളി - 5 അല്ലി
- സവാള - 1 എണ്ണം
- കറിവേപ്പില - 1 ഇതള്‍
- മുളകുപൊടി - 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - 1 നുള്ള്
- വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
- കടുക് - 1/2 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പാവയ്ക്ക കഴുകി വൃത്തിയാക്കിയശേഷം കനംകുറച്ച് 1 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കുക. (അകത്തെ കുരുക്കള്‍ ഒഴിവാക്കുക)
- സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
- നോണ്‍സ്റ്റിക്ക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക.
- കടുക് പൊട്ടികഴിയുമ്പോള്‍ തേങ്ങാക്കൊത്ത്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നേരം വഴറ്റുക.
- ഇതിലേയ്ക്ക് മഞ്ഞപൊടിയും, മുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് പാവയ്കയും പച്ചമുളകും, കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഇളക്കി 10 മിനിറ്റോളം കുറഞ്ഞ തീയില്‍ അടച്ചുവച്ചു വേവിക്കുക.
- അതിനുശേഷം 1-2 മിനിറ്റ് അടപ്പ് തുറന്നുവച്ചു വേവിക്കുക. (ഇടയ്ക്കു ഇളക്കികൊടുക്കുക).
- പാവയ്ക്കാമെഴുക്കുപുരട്ടി തയ്യാര്‍.
കുറിപ്പ്
നോണ്‍സ്റ്റിക്ക് പാത്രമല്ല ഉപയോഗിക്കുന്നതെങ്കില്‍ 1 ടീസ്പൂണ്‍ എണ്ണ അധികം ചേര്‍ക്കുക.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Add your Comment